RSS

ഇലാഹീ കനിവിന്‍ കവാടം തുറക്കൂ

കുറച്ച് നാളായുള്ള ഒരാഗ്രഹം അങ്ങനെ പൂവണിയുന്നു.ഒരു പാട്ട് ബ്ലോഗ് തുറക്കുന്നു ഞാന്‍ .മുഖവുരയായി ചിലത് കുറിക്കുന്നത് മാനഹാനി കുറക്കാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.പാട്ടുകാരനല്ല പ്രിയരെ.പാട്ടിന്‍റെ എ.ബി.സി.ഡി അറിയുകയുമില്ല.കുറേ 'സംഗതികളും സാധനങ്ങളുമെല്ലാം' കൂട്ടിക്കുഴച്ച വല്ലാത്ത ഒരു സാധനമാണിതെന്നുള്ളത് നമ്മുടെ റിയാലിറ്റി ഷോകള്‍ വന്നില്ലായിരുന്നെങ്കില്‍ പടച്ചോനാണേ നമ്മളറിയില്ലായിരുന്നു.മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ മദ്രസയിലെ നബിദിനപരിപാടിക്ക് സ്റ്റേജില്‍ കയറി പാടിയതാണ് ആകെക്കൂടി പാട്ടുമായുള്ള ബന്ധം.

എന്നാലും പാട്ടുകള്‍ എനിക്ക് പ്രിയമാണ്.സംഗീതോപകരണങ്ങളുടെ അതിപ്രസരത്താല്‍ മലിനമാകാത്ത ശുദ്ധമായ,ഹൃദ്യമായ പാട്ടുകള്‍ .അണ്‍പ്ലഗ്ഡ് വെര്‍ഷനുകളോടെന്തോ പ്രിയമിച്ചിരി കൂടുതലുമാണ്.

പഴയ ഒരനുഭവം പറയാം.പാടാനുള്ള ഒടുക്കത്തെ മോഹം മൂലം ഒരു വേദിയില്‍ അഡ്മിഷന്‍ തരപ്പെടുത്തി.സ്റ്റേജില്‍ കയറുന്നതിന് മുമ്പ് ചുമ്മാ ഒന്ന് പോയി നോക്കീതാ.ഓഡിയന്‍സിന്‍റെ ബാഹുല്യം കണ്ടപ്പോഴേ മുട്ടുകള്‍ കൂട്ടിയിടിച്ചു.മൊത്തം തളര്‍ന്നു.ഒരടി നടക്കാന്‍ വയ്യാത്ത അവസ്ഥ.പാതിരാത്രിയില്‍ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നവനെപ്പോലെ തൊണ്ട വറ്റിവരണ്ടു.ഒരു ധൈര്യത്തിനായി സ്റ്റേജിന് പുറത്ത് കൂട്ടുകാര്‍ക്ക് മുമ്പില്‍ റിഹേഴ്സല്‍ നടത്തി നോക്കി.

പേടി കൊണ്ടുള്ള വിറ മൂലം 'സംഗതികളുടെ' ഒരു പ്രവാഹം തന്നെയായിരുന്നുവത്രെ.അങ്ങനെ ചില സുഹൃത്തുക്കളാണ് ആത്മാര്‍ഥമായി ഉപദേശിച്ചത്.നിനക്ക് വേറെ എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കാം.ദുനിയാവിലുള്ള മൊത്തം സംഗതികളും ആവാഹിച്ച് നീയിങ്ങനെ പാടിയാല്‍ ശ്രീകുട്ടനും ശരത്തുമൊക്കെ ജീവിക്കാനായുള്ള ഇച്ചിരി സംഗതിക്കായി വല്ല ഉഗാണ്ടയിലേക്കും പോകേണ്ടി വരും.ലവരെങ്ങാനും സംഗതികള്‍ കിട്ടാതെ പണി നിര്‍ത്തിയാല്‍ ...

അങ്ങനെ ഉലഹം മുഴുവനുമുള്ള മല്ലുമക്കള്‍ ഐഡിയ സൂപ്പര്‍ സ്റ്റാറിന്‍റെ സമയത്ത് ശ്രീകുട്ടന്‍റെ 'ഹി ഹി ഹീ' കേള്‍ക്കാതെ, ശരത്തിന്‍റെ ഹെയര്‍ സ്റ്റൈല്‍ കാണാതെ ചങ്ക്പൊട്ടിച്ചത്താല്‍ .ഹോ!!

സ്റ്റാര്‍ സിംഗര്‍ കാണാനായി ഊണും ഉറക്കവും മാറ്റിവെച്ച്, കെട്ടിയവനെ പട്ടിണിക്കിട്ട് എന്തിന് കൊച്ച് അമ്മിഞ്ഞക്കായ് തൊണ്ട പൊട്ടിക്കാറിയാല്‍ പോലും രഞ്ജിനിച്ചേച്ചി(മലയാളഭാഷയെ പരിപോഷിപ്പിച്ചതിന് 'എഴുത്തഛി' പുരസ്കാരത്തിന് അര്‍ഹയായിട്ടുള്ളവള്‍ ) ശൃംഗാരതരളിതയായി 'നന്‍റി' ചൊല്ലി കൈവീശി 'ബ ബ്ബായ്' പറയുന്നത് വരെക്കും കുഞ്ഞിനെ മുലയൂട്ടല്‍ വരെ മാറ്റിവെക്കുന്ന മലയാളിമംഗമാര്‍ എന്നെ ശപിച്ച് വല്ല കുരങ്ങനോ മറ്റോ ആക്കിക്കളയുമെന്നുള്ള ഭയത്താലും സ്റ്റേജില്‍ പാടാനുള്ള എന്‍റെ ആഗ്രഹം ഞാന്‍ അവസാനിപ്പിച്ചു.

പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ദോഹയിലെ ഫ്ലാറ്റിലിങ്ങനെ ചടഞ്ഞിരിക്കുന്ന സമയത്ത് സംഗീതം 'എല്ലില്‍ വന്ന് കുത്തിയപ്പോള്‍ ' അല്ലെങ്കില്‍ നിങ്ങളുടെയൊക്കെ വിധി എന്നെക്കൊണ്ട് വീണ്ടും മൈക്ക് എടുപ്പിച്ചു എന്നു പറയാം.റെക്കോര്‍ഡിങ്ങിനായി ഒരു സോഫ്റ്റ് വെയറും ഉപദേശനിര്‍ദ്ധേശങ്ങളും നല്‍കി സഹായിച്ച ബൂലോകത്തെ പാട്ടുകാരന്‍ റസീസിനും ചില എറേഴ്സ് പരിഹരിച്ചു തന്ന അപ്പുവേട്ടനും നന്ദി പറയുന്നു.

ജിപ്പൂസിന്‍റെ തൊണ്ടകീറല്‍ മൂലം ഞങ്ങള്‍ നെഞ്ചേറ്റിയ കാവ്യങ്ങള്‍ , ഹൃദയരാഗങ്ങള്‍ ഞങ്ങള്‍ക്ക് തന്നെ വെറുക്കപ്പെട്ടതായി എന്നാരേലും മൊഴിഞ്ഞാല്‍ ഈ പാട്ടന്വേഷണ പരീക്ഷണങ്ങള്‍ക്ക് ഇതാ ഞാനിവിടെ ഫുള്‍ സ്റ്റോപ്പിടും എന്ന് ദയവായി ആരും മോഹിക്കരുത്.ഞാനൊന്ന് പാടട്ടേന്ന്.ഇനിയെന്‍റെ കാറല്‍ മൂലം ഗൂഗിളമ്മച്ചി കോപിച്ച് ബൂലോകത്തൊരു ബൂകമ്പമുണ്ടായി നിങ്ങളൊക്കെ ശത്ത് പോയെങ്കില്‍ അതെന്‍റെ വിധിയെന്ന് കരുതി ഞാന്‍ സമാധാനിച്ചോളാം :) അപ്പോ ഓക്കെ പറഞ്ഞ് പറഞ്ഞ് ഒരുപാടായി.

ലൈലാ മജ്നു എന്ന ആല്‍ബത്തിന് വേണ്ടി ജലീല്‍ കെ ബാവ എഴുതി അഫ്സല്‍ ആലപിച്ച 'ഇലാഹീ കനിവിന്‍ കവാടം തുറക്കൂ' എന്ന് തുടങ്ങുന്ന മനോഹരമായൊരു പാട്ടോടെ ഞാന്‍ തുടങ്ങുന്നു(കരോക്കെ തപ്പിയിട്ട് കിട്ടിയില്ല).ഇതിന് മുമ്പ് അഫ്സല്‍ പാടിയത് കേട്ടിട്ടുള്ളവര്‍ ക്ഷമയോടെ കേട്ടിരിക്കാന്‍ താത്പര്യപ്പെടുന്നു.ആദ്യമായ് കേള്‍ക്കുന്നവര്‍ ഇത് പോയി കേട്ട് വന്ന ശേഷം എന്നെ തെറി വിളിക്കരുതെന്നും അപേക്ഷിക്കുന്നു.  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS